Showing posts with label സേവനാവകാശ നിയമം. Show all posts
Showing posts with label സേവനാവകാശ നിയമം. Show all posts

Wednesday, 13 February 2013

സേവന നിയമം നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍

വര്‍ക്കല കഹാര്‍ :
ആര്‍. സെല്‍വരാജ് :
ബെന്നി ബെഹനാന്‍ :
ജോസഫ് വാഴക്കന്‍ : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
എ) സംസ്ഥാനത്ത് സേവനാവകാശ നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ടോ;
ബി) പ്രസ്തുത നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്, വിശദാംശങ്ങള്‍ എന്തെല്ലാം;
സി) സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് എന്തെല്ലാം വ്യവസ്ഥകളാണ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;
ഡി) പ്രസ്തുത നിയമം പ്രാവര്‍ത്തികമാക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്?
മുഖ്യമന്ത്രി : സര്‍,
എ) ഉണ്ട്;
ബി) പൊതുജനങ്ങള്‍ക്ക് നിശ്ചിത സമയപരിധിക്കുള്ളില്‍ സേവന പ്രദാനം ചെയ്യുന്നതിനും സര്‍ക്കാര്‍ ഓഫീസുകളിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും അഴിമതി കുറയ്ക്കുന്നതിനും വേണ്ടിയാണ് പ്രസ്തുത നിയമം പാസ്സാക്കിയിട്ടുള്ളത്;
സി) കേരള സംസ്ഥാന സേവനാവകാശ നിയമം സെക്ഷന്‍ (3) അനുസരിച്ച്, വിവിധ വകുപ്പുകള്‍/സ്ഥാപനങ്ങള്‍/സ്റാറ്റ്യൂട്ടറി ബോഡികള്‍/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ, സേവനാവകാശ നിയമം പ്രാബല്യത്തില്‍ വന്ന തീയതി മുതല്‍ 6 മാസത്തിനകം പ്രസ്തുത വകുപ്പുകള്‍ / സ്ഥാപനങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന സേവനങ്ങള്‍, നിശ്ചിത സമയപരിധി, നിയുക്ത ഉദ്യോസ്ഥന്‍, ഒന്നാം അപ്പീല്‍ അധികാരി, രണ്ടാം അപ്പീല്‍ അധികാരി എന്നിവ ഗസറ്റില്‍ വിജ്ഞാപനം ചെയ്യേണ്ടതാണ്. ടി നിയമത്തിലെ സെക്ഷന്‍ 4 പ്രകാരം ഇപ്രകാരം വിജ്ഞാപനം ചെയ്യപ്പെട്ട സേവനങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ലഭിക്കുന്നതിന് അര്‍ഹതയുള്ള ഓരോ ആള്‍ക്കും അവകാശം ഉണ്ടായിരിക്കുന്നതാണ്;
നിശ്ചിത സമയപരിധിക്കുള്ളില്‍ അപേക്ഷകന് സേവനം ലഭിച്ചില്ലായെങ്കില്‍ അപ്പീല്‍ അധികാരി മുമ്പാകെ അപ്പീല്‍ ഫയല്‍ ചെയ്യാവുന്നതാണ്. നിയുക്ത ഉദ്യോഗസ്ഥന്‍, മതിയായതും യുക്തിസഹവുമായി കാരണമില്ലാതെ സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയാല്‍, രണ്ടാം അപ്പീല്‍ അധികാരിക്ക് രേഖാമൂലമുള്ള ഒരു ഉത്തരവ് വഴി, കാരണങ്ങള്‍ വിവരിച്ചുകൊണ്ട്, നിയുക്ത ഉദ്യോഗസ്ഥനുമേല്‍ താമസം വരുത്തിയ ഓരോ ദിവസത്തിനും ഒരു ദിവസത്തിന് ഇരുന്നൂറ്റി അന്‍പതു രൂപ നിരക്കില്‍ അതിന്റെ ആകെ തുക അയ്യായിരം രൂപയില്‍ കവിയാത്തതുമായ ഒരു പിഴ ചുമത്താവുന്നതാണ്. നിശ്ചിത സമയപരിധിക്കുള്ളില്‍ അപ്പീല്‍ തീരുമാനമെടുക്കുന്നതില്‍ ഒന്നാം അപ്പീല്‍ അധികാരി വീഴ്ച വരുത്തിയെന്ന് രണ്ടാം അപ്പീല്‍ അധികാരി കണ്ടെത്തുന്ന പക്ഷം, അദ്ദേഹത്തിന്, ഒന്നാം അപ്പീല്‍ അധികാരിക്കുമേല്‍ അഞ്ഞൂറു രൂപയില്‍ കുറയാത്തതും അയ്യായിരം രൂപയില്‍ കവിയാത്തതുമായ ഒരു പിഴ ചുമത്താവുന്നതാണ്. നിയുക്ത ഉദ്യോഗസ്ഥനോ, ഒന്നാം അപ്പീല്‍ അധികാരിയോ മതിയായ കാരണമില്ലാതെ, ഈ നിയമപ്രകാരമുള്ള ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ നിര്‍ദ്ദിഷ്ട ഓഫീസര്‍ക്കും ഒന്നാം അപ്പീല്‍ അധികാരിക്കുമെതിരെ നിലവിലുള്ള സര്‍വ്വീസ് ചട്ടങ്ങള്‍ പ്രകാരം അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്യാനും വ്യവസ്ഥയുണ്ട്;
ഡി) ടി നിയമം പ്രാവര്‍ത്തികമാക്കുന്നതിലേയ്ക്ക് സെക്രട്ടറിതല മീറ്റിങ് കൂടുകയും ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഈ നിയമം നടപ്പില്‍ വരുത്തുന്നതു സംബന്ധിച്ച് വിവിധ സര്‍വ്വീസ് സംഘടനാ പ്രതിനിധികളുമായി 01.09.2011-ല്‍ ഒരു പ്രാഥമിക ചര്‍ച്ചയും 22.10.2012-ല്‍ വിശദമായ ഒരു ചര്‍ച്ചയും നടത്തിയിട്ടുണ്ട്. കൂടാതെ 21.11.2012 ലെ മന്ത്രിസഭാ യോഗ തീരുമാനപ്രകാരം, 2012 ഡിസംബര്‍ 10-നു മുമ്പ് പ്രസ്തുത ഗസറ്റ്  വിജ്ഞാപനം പുറപ്പെടുവിക്കുന്നതിലേയ്ക്ക് സത്വര നടപടികള്‍ സ്വീകരിക്കുന്നതിനായി, എല്ലാ വകുപ്പുകളോടും സ്ഥാപനങ്ങളോടും 23.11.2012-ലെ 21145/എ.ആര്‍.12 (1)/12/ഉ.ഭ.പ.വ. സര്‍ക്കുലര്‍ പ3കാരം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുകൂടാതെ 20.12.2012-ലെ സര്‍ക്കുലര്‍ നമ്പര്‍ 14944/എ.ആര്‍.12 (1)/12/ഉ.ഭ.പ.വ. സര്‍ക്കുലര്‍ പ്രകാരം ഇനിയും ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കാത്ത എല്ലാ വകുപ്പുകളോടും/സ്ഥാപനങ്ങളോടും സേവനാവകാശ നിയമം 2 (ജി) വകുപ്പിന്റെ പിരിധിയില്‍പ്പെട്ട സേവനങ്ങള്‍, ടി നിയമം 3-ാം വകുപ്പുപ്രകാരം അടിയന്തരമായി ഗസറ്റ് വിജ്ഞാപനം ചെയ്യുന്നതിനായി നിര്‍ദ്ദേശിച്ചിട്ടുമുണ്ട്;
വര്‍ക്കല കഹാര്‍ : സര്‍, വിവരാവകാശ നിയമത്തിന്റെ സ്തുത്യര്‍ഹമായ നിലയിലുള്ള പ്രവര്‍ത്തനം നടക്കാനുള്ള ഒരു പ്രധാനപ്പെട്ട കാരണം ഇതിന് സഹായിച്ച ഉദ്യോഗസ്ഥതലത്തിനുമുകളില്‍ രൂപീകരിച്ച ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ പ്രവര്‍ത്തനമാണ്. ഇതേ സ്വഭാവത്തില്‍ ഇതിനൊരു മേല്‍നോട്ടം വഹിക്കുന്നതിനായി ഒരു ക്വാസി ജുഡീഷ്യല്‍ ബോഡി രൂപീകരിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുമോ?
മുഖ്യമന്ത്രി : സര്‍, നമമുടെ നിയമത്തില്‍ അതിനൊരു വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടില്ല. സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ കാലതാമസം വരുത്തുകയോ വീഴ്ച വരുത്തുകയോ ചെയ്യുന്നവരുടെ മേല്‍ നടപടിയെടുക്കുന്നതിനുള്ള സംവിധാനം ഇപ്പോള്‍ത്തന്നെയുണ്ട്.
വര്‍ക്കല കഹാര്‍ : സര്‍, സേവനാവകാശ നിയമത്തിന്റെ നടത്തിപ്പ് യഥാസമയം പരിശോധിക്കാനും ആവശ്യമായ രീതിയില്‍ ശുപാര്‍ശകള്‍ നടത്തുന്നതിനുമായി ജനപ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സോഷ്യല്‍ ഓഡിറ്റിങ് സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുമോ?
മുഖ്യമന്ത്രി : സര്‍, സേവനാവകാശ നിയമം എന്നത് സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന ഒരു കാര്യമാണ്. അത് നടപ്പിലാക്കി അതിനെ സംബന്ധിച്ചുള്ള കുറവുകളും പോരായ്മകളും പ്രയോജനങ്ങളുമെല്ലാം വിലയിരുത്തിയശേഷം എന്ത് വേണമെന്നുള്ളതിനെപ്പറ്റി ആലോചിക്കാം. ഈ കാര്യത്തില്‍ ഗവണ്‍മെന്റിന് ഒരു തുറന്ന മനസ്സാണുള്ളത്. സമയബന്ധിതമായി, ജനങ്ങള്‍ പ്രതീക്ഷിക്കുന്ന സേവനങ്ങള്‍ അവര്‍ക്ക് ലഭിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിനുവേണ്ടി ഈ നിയമം ഏറ്റവും ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്നാണ് ഗവണ്‍മെന്റ് ആഗ്രഹിക്കുന്നത്. ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയുമൊക്കെ സഹകരണത്തോടെ ഏറ്റവും വിജയകരമായി ഇത് നടപ്പിലാക്കാം.
ആര്‍. സെല്‍വരാജ് : സര്‍, സേവനാവകാശ നിയമം പാസ്സാക്കിയതിലൂടെ യു.ഡി.എഫ്. ഗവണ്‍മെന്റിന്റെ സുതാര്യതയും ചരിത്രനേട്ടവുമാണ് തെളിയിക്കുന്നത്. സേവനാവകാശ നിയമം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ വകുപ്പുകളുടേയും സുപ്രധാനമായ തീരുമാനങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ഡയറക്ടറി അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നതിന് അങ്ങ് തയ്യാറാകുമോ?
മുഖ്യമന്ത്രി : സര്‍, ഓരോ പൌരനും ഗവണ്‍മെന്റില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങള്‍ എങ്ങനെ, എപ്പോള്‍, ഏത് വിധത്തില്‍ കിട്ടുന്നുവെന്ന് അറിയാനുള്ള അവകാശമുണ്ട്. ബഹുമാനപ്പെട്ട മെമ്പര്‍ ഇവിടെ പറഞ്ഞ നിര്‍ദ്ദേശം നിശ്ചയമായും പരിഗണിക്കാം. കാരണം, ഇന്ന സേവനം ഇന്ന ദിവസത്തിനുള്ളില്‍ കിട്ടുമെന്നുള്ളത് ജനങ്ങള്‍ അറിയണം. അത് ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കാനായി നിര്‍ദ്ദേശം കൊടുക്കും. അതോടൊപ്പംതന്നെ ഡയറക്ടറി അച്ചടിച്ച് കൊടുക്കുന്ന കാര്യവും നിശ്ചയമായും പരിഗണിക്കാം.
ബെന്നി ബെഹനാന്‍ : സര്‍, സേവനാവകാശ നിയമം പൊലീസ് ഡിപ്പാര്‍ട്ടുമെന്റില്‍ മാത്രമേ ഇപ്പോള്‍ നടപ്പാക്കിയിട്ടുള്ളൂ. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഇത് നടപ്പാക്കിയിട്ടില്ല. അവിടങ്ങളില്‍ കൂടി ഇത് നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ? അതോടൊപ്പം തന്നെ ഇപ്പോള്‍ സേവനാവകാശ നിയമം വഴി വിവരങ്ങള്‍ അറിയുന്നതിനായി എഴുതിക്കൊടുക്കുന്ന സംവിധാനം മാറ്റി ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
മുഖ്യമന്ത്രി : സര്‍, സമ്പൂര്‍ണ്ണമായ കമ്പ്യൂട്ടറൈസേഷന്‍, ഇ-ഗവേണന്‍സ് എന്നിവ ഏറ്റവും വേഗത്തില്‍ നടപ്പിലാക്കാനാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്. അതിലൂടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ഉറപ്പാക്കുന്നതാണ്. സെക്രട്ടേറിയറ്റില്‍ക്കൂടി ഈ നിയമം കൊണ്ടുവരുമോ എന്നാണ് ബഹുമാനപ്പെട്ട മെമ്പര്‍ ഇവിടെ ചോദിച്ചത്. അത് സംബന്ധിച്ച് എനിക്ക് ചില സംശയങ്ങളുണ്ട്. സെക്രട്ടേറിയറ്റിനെ ഒഴിവാക്കി നിര്‍ത്തിയിട്ടൊന്നുമില്ല. ഇതിനോടകം തന്നെ സെക്രട്ടേറിയറ്റിലെ ഹോം അറ്റസ്റേഷന്‍ - ജി.എ.ഡി., ഫ്രീഡം ഫൈറ്റര്‍ സെക്ഷന്‍ എന്നീ രണ്ട് വിഭാഗങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ ഈ പരിധിയില്‍ കൊണ്ടുവന്ന് നോട്ടിഫൈ ചെയ്തുകഴിഞ്ഞു. ഇനിയും സെക്രട്ടേറിയറ്റ് സര്‍വ്വീസില്‍ ഏതൊക്കെയാണ് ഉള്‍പ്പെടുത്താന്‍ സാധിക്കുന്നതെന്നുള്ളത് പരിശോദിച്ച് കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
ജോസഫ് വാഴക്കന്‍ : സര്‍, 6 മാസത്തിനകം സേവനാവകാശ നിയമത്തിന്റെ റൂള്‍സ് ഫ്രെയിം ചെയ്തുകൊണ്ട് ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റുകള്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അങ്ങ്     ഇവിടെ സംസാരിച്ചപ്പോള്‍ സൂചിപ്പിച്ചു. കഴിഞ്ഞ ഓഗസ്റ് 4-നാണ് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് പറഞ്ഞത്. അങ്ങനെ പറഞ്ഞിട്ട് ഇന്ന് 6 മാസം തികയുകയാണ്. പക്ഷേ ഹോം ഡിപ്പാര്‍ട്ടുമെന്റ് ഉള്‍പ്പെടെയുള്ള ചുരുക്കം ചില ഡിപ്പാര്‍ട്ടുമെന്റുകള്‍ മാത്രമേ ഈ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളൂ. ഈ ഉത്തരവ് പുറപ്പെടുവിക്കാത്തവരുടെ പേരില്‍ നടപടിയുണ്ടാകുമോ; ഇത് ത്വരിതപ്പെടുത്താനുള്ള നടപടികളുണ്ടാകുമോ?
മുഖ്യമന്ത്രി : സര്‍, ഓഗസ്റിന്‍ നിയമം പാസ്സാക്കിയെങ്കിലും നോട്ടിഫിക്കേഷന്‍ വന്നത് നവംബര്‍ ആദ്യമാണ്. അതുമുതല്‍ 6 മാസം എന്നു പറയുമ്പോള്‍ മെയ് മാസം വരെ അതിനുള്ള സമയമുണ്ട്. പക്ഷേ, ഇതിനോടകംതന്നെ 17 വകുപ്പുകളില്‍ ഈ നിയമം നടപ്പാക്കിക്കഴിഞ്ഞു. 4 വകുപ്പുകളില്‍ കൂടി ഈ നിയമം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു. അത് ഉടന്‍ തന്നെ നടപ്പിലാക്കും. ആദ്യത്തെ സ്റേജില്‍ കണ്ടെത്തിയിരിക്കുന്നത് 29 ഡിപ്പാര്‍ട്ടുമെന്റുകളാണ്. ബാക്കി 8 ഡിപ്പാര്‍ട്ടുമെന്റുകള്‍ മെയ് മാസത്തിനുമുമ്പ് നോട്ടിഫൈ ചെയ്തിരിക്കും. ആ കാര്യം ഗവണ്‍മെന്റ് പ്രത്യേകം മോണിറ്റര്‍ ചെയ്യുന്നുണ്ട്. കൂടുതല്‍ ഡിപ്പാര്‍ട്ടുമെന്റുകളിലേയ്ക്ക് ഇത് വേണമെങ്കില്‍ അത് ഏതൊക്കെയാണെന്ന് പരിശോധിച്ച് തീരുമാനമെടുക്കും.
സി ദിവാകരന്‍ : സര്‍, ഈ നിയമം പാസ്സായതോടുകൂടി സിവില്‍ ഭരണത്തിലൂടെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് വളരെ പെട്ടെന്ന് ലഭിക്കുമെന്നും അതോടൊപ്പം തന്നെ അഴിമതി അവസാനിപ്പിച്ച് സുതാര്യത കൈവരിക്കുമെന്നും അങ്ങ് ഇവിടെ പറഞ്ഞു. അഴിമതി അവസാനിപ്പിക്കാന്‍ ഈ നിയമത്തില്‍ എന്ത് വകുപ്പാണുള്ളത്? സാധാരണയായി നിയമസഭ ധാരാളം നിയമങ്ങള്‍ പാസ്സാക്കാറുണ്ട്. പക്ഷേ ജനങ്ങള്‍ക്ക് ഇത് ഫലപ്രദമായി പ്രയോജനപ്പെടുന്നുണ്ടോ എന്ന് 6 മാസത്തിലൊരിക്കല്‍ റിവ്യൂ നടത്താനുള്ള ഒരു സംവിധാനമുണ്ടോ?
മുഖ്യമന്ത്രി : സര്‍, നമ്മള്‍ ഒരു പുതിയ നിയമം നടപ്പിലാക്കുന്ന സമയത്ത് അതിന് ഗുണവും ദോഷവുമുണ്ടാകും. ഇത് നടപ്പിലാക്കുന്ന സമയത്ത് എന്തൊക്കെ വേണം; ഏതൊക്കെ വേണെന്നുള്ളതിനെക്കുറിച്ച് പരിശോധിച്ച് ആവശ്യമായ തീരുമാനമെടുക്കാമെന്ന് പറഞ്ഞു. ജനങ്ങള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന സേവനം സമയബന്ധിതമായി കൊടുക്കുക എന്നുള്ളതാണ് ഈ നിയമം പാസ്സാക്കുന്നതിലൂടെ നമ്മള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. പലപ്പോഴും ഈ സേവനങ്ങള്‍ കിട്ടുന്നതില്‍ കാലതാമസം വരുമ്പോഴാണ് ജനങ്ങള്‍ ബുദ്ധിമുട്ടുകയും അഴിമതിയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുകയുമൊക്കെ ചെയ്യുന്നത്. അതുകൊണ്ട് സമയബന്ധിതമായി സേവനങ്ങള്‍ കിട്ടുന്നതുവഴി അഴിമതി കുറയ്ക്കുന്നതിനും ഇല്ലാതാക്കുന്നതിനും സാധിക്കുമെന്നുള്ളതാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
സി.പി. മുഹമ്മദ് : സര്‍, സര്‍ക്കാര്‍ സര്‍വ്വീസിലുള്ള പല ഉദ്യോഗസ്ഥന്മാരും യുക്തിസഹമാണ് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള കാരണങ്ങള്‍ കണ്ടെത്തുന്നതില്‍ അതിവിദഗ്ധരാണ്. ഫിനാന്‍സ് വകുപ്പില്‍ പ്രസവാവധിക്ക് അപേക്ഷിച്ച ഒരു ഉദ്യോഗസ്ഥയ്ക്ക് ഈ സാമ്പത്തിക വര്‍ഷം അനുവദിക്കുന്നതല്ലെന്ന് സെക്രട്ടറി നോട്ടെഴുതിയതായി കേട്ടിട്ടുണ്ട്. അതുപോലെ നോട്ടെഴുതി ഒന്നാം അപ്പീലും രണ്ടാം അപ്പീലും കഴിയുമ്പോള്‍ കൊല്ലങ്ങള്‍ പിന്നിടും. അതുകൊണ്ട് ശ്രീ. വര്‍ക്കല കഹാര്‍ പറഞ്ഞതുപോലെ വിവരാവകാശ നിയമം പോലെയുള്ള ഒരു സംവിധാനം സേവനാവകാശ നിയമത്തിന് വേണ്ടി ഉണ്ടാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ?
മുഖ്യമന്ത്രി : സര്‍, ഈ നിയമത്തിന്റെ ഇംപ്ളിമെന്റേഷന്‍സ്റേജായി കഴിഞ്ഞു. കുറച്ചു നാളത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിനുശേഷം ആവശ്യമാണെങ്കില്‍ അത് പരിഗണിക്കാം. ഇപ്പോള്‍ പാസ്സാക്കിയ നിയമത്തില്‍ അക്കാര്യം ഉള്‍പ്പെടുത്തിയിട്ടില്ല. അതിന് നിയമത്തില്‍ ഭേദഗതി വേണം.
പി. അയിഷാ പോറ്റി : സര്‍, സേവനാവകാശ നിയമം വന്നത് നല്ലതു തന്നെയാണ്. പക്ഷേ, ജനങ്ങള്‍ക്ക് അത് പ്രയോഗത്തില്‍ വരുന്നില്ല എന്നുള്ള വലിയ ബുദ്ധിമുട്ട് ഞാന്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്. ഇവിടെ പലരും സൂചിപ്പിച്ചതുപോലെ, പ്രസവാവധിക്ക് അപേക്ഷ കൊടുത്തപ്പോള്‍ പറഞ്ഞതുപോലെ എനിക്കുമറിയാം. ഒരു വസ്തുവിനെ സംബന്ധിച്ച് അഞ്ച് സെന്റ,് പത്ത് സെന്റ് മാത്രമേ നിലമുള്ളൂവെങ്കില്‍ വീട് വയ്ക്കുന്നതിന് വേണ്ടി  അനുവദിക്കാമെന്നു പറഞ്ഞ ഒരു നല്ല ഉദ്യോഗസ്ഥനുപോലും നിരവധി ദിവസങ്ങല്‍ കയറിയിറങ്ങിയിട്ടും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ഇത്തരം വിഷയങ്ങള്‍ വരുമ്പോള്‍ എങ്ങനെയാണ് പരിഹരിക്കപ്പെടുന്നത്. ഇവിടെ സേവനാവകാശ നിയമമുണ്ട്, നിരവധി നിയമങ്ങളുണ്ട്; സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമമുണ്ട്. പക്ഷേ ഇവ നിരന്തരം ലംഘിക്കപ്പെടുന്നു എന്നുള്ളതുകൊണ്ട് ഇക്കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കുമോ?
മുഖ്യമന്ത്രി : സര്‍, സമയബന്ധിതമായി നിയമത്തില്‍ നോട്ടിഫൈ ചെയ്തു കഴിഞ്ഞാല്‍ അത് പാലിക്കാന്‍ ഉദ്യോഗസ്ഥന്‍ ബാദ്ധ്യസ്ഥനാണ്. അങ്ങനെ പാലിച്ചിട്ടില്ലെങ്കില്‍ ഫൈന്‍ അടയ്ക്കേണ്ടിവരും. ഏതായാലും ഈ നിയമം ഇംപ്ളിമെന്റ് ചെയ്യുകയാണ്. അത് ഏറ്റവും ഫലപ്രദമായ രീതിയില്‍ നടപ്പിലാക്കുന്നതിന് നമുക്ക് കൂട്ടായി ശ്രമിക്കാം. പോലീസ് ഡിപ്പാര്‍ട്ടുമെന്റാണ് ഏറ്റവും കൂടുതല്‍ സേവനങ്ങള്‍ സമയബന്ധിതമായി നല്‍കുന്നതിന് മുമ്പോട്ടുവന്നിരിക്കുന്നത്. അതുള്‍പ്പെടെ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നും ലഭിക്കേണ്ട സേവനങ്ങള്‍ സമയത്ത് കിട്ടാതെ വന്നാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ച് അവ ലഭ്യമാക്കുന്ന സാഹചര്യമുണ്ടാക്കാം. അക്കാര്യത്തില്‍ ഗവണ്‍മെന്റിന് വളരെ പോസിറ്റീവായിട്ടുള്ള സമീപനമാണുള്ളത്, ഓപ്പണ്‍മൈന്‍ഡാണുള്ളത്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പൂര്‍ണ്ണമായ പിന്തുണയോടുകൂടി നമുക്കിത് വിജയകരമായി നടപ്പിലാക്കണം.
പി.സി. ജോര്‍ജ് : സര്‍, ഈ നിയമത്തെ എല്ലാവരും അംഗീകരിക്കുന്നു. പക്ഷേ, ബഹുമാനപ്പെട്ട വര്‍ക്കല കഹാറും സി.പി. മുഹമ്മദുമൊക്കെ ഉന്നയിച്ച ഒരു സംശയമുണ്ട്. ഒന്നര വര്‍ഷം മുമ്പ് വിവരാവകാശനിയമപ്രകാരം എനിക്ക് ഉത്തരം തരാത്തതിന്റെ പേരില്‍ കേന്ദ്ര വിവരാവകാശ കമ്മിഷന്‍ കേന്ദ്ര വിദേശ കാര്യ സെക്രട്ടറിയെ 25000 രൂപ പിഴ അടയ്ക്കുന്നതിന് ശിക്ഷിച്ചു. ഒന്നര വര്‍ഷമായി, ഈ നിമിഷംവരെ എനിക്ക് രൂപയും കിട്ടിയിട്ടില്ല. വിവരവും കിട്ടിയിട്ടില്ല. ബഹുമാനപ്പെട്ട ഡല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും ഇടപെട്ടിട്ടും ഇന്നുവരെ എനിക്ക് അത് കിട്ടിയിട്ടില്ല.  എന്റെ ഒരു ചോദ്യം, സേവനാവകാശ നിയമം വളരെ നല്ലതാണ്. ജനങ്ങള്‍ മുഴുവന്‍ അംഗീകരിക്കുന്നതാണ്, അത് ആവശ്യമുള്ളതാണ്. ബഹുമാനപ്പെട്ട കോടതിയുടെ ഇടപെടലുകളില്ലാതെ എങ്ങനെ അത് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും? ഈ നിയമപ്രകാരം സേവനങ്ങള്‍ എങ്ങനെ ജനങ്ങള്‍ക്ക് കിട്ടും? അതു സംബന്ധിച്ച നിയമപരമായ വശം കൂടി പരിശോധിക്കുന്നതിന് നേരത്തേ പറഞ്ഞതുപോലെ ഒരു കമ്മിഷന്‍ - അങ്ങനെ എന്തെങ്കിലും ആലോചിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകുമോ?
മുഖ്യമന്ത്രി : സര്‍, സേവനം സമയബന്ധിതമായി കിട്ടുന്നതിന് വ്യക്തമായിട്ടുള്ള വ്യവസ്ഥകളുണ്ട്. ഓരോ ഡിപ്പാര്‍ട്ടുമെന്റിലേയും ഓരോ സേവനവും നിയമാനുസൃതമുള്ള വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് അപേക്ഷകള്‍ കൊടുത്താല്‍ ഇത്ര ദിവസത്തിനുള്ളില്‍ അത് ഉറപ്പാക്കണം. അല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കി, നിയമാനുസൃതം കൊടുക്കാനുള്ള ബുദ്ധിമുട്ട് ബോദ്ധ്യപ്പെടുത്തണം. ഇല്ലെങ്കില്‍ സേവനം ലഭ്യമാക്കുന്നതിന് താമസിക്കുന്ന ഓരോ ദിവസത്തിനും 500 രൂപ വച്ച് പരമാവധി 5000 രൂപ വരെ പിഴ ഈടാക്കാം. പക്ഷേ പിഴയിടുന്നത് അപേക്ഷ കൊടുക്കുന്ന ആളിന് കൊടുക്കാന്‍ വേണ്ടിയാണോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ആ തുക ഗവണ്‍മെന്റിലേക്ക് മുതല്‍ കൂട്ടുമെന്നാണ് ഞാന്‍ ധരിച്ചിരിക്കുന്നത്. പക്ഷേ സേവനം ബന്ധപ്പെട്ട ആളിന് യഥാസമയം കൊടുക്കും.
ബാബു എം. പാലിശ്ശേരി :  സര്‍, സേവനം നല്‍കേണ്ട ജീവനക്കാരുടെ പെരുമാറ്റം, ജോലിസമയത്ത് ഒരിക്കലും സീറ്റില്‍ ഇരിക്കാത്ത ഒരു പൊതുസ്ഥിതി, അതുപോലെ തപാല്‍ ഉരുപ്പടികളും മറ്റും ഫയലുകളും ഒരിടത്തുനിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് പോകേണ്ടതും തിരിച്ചു വരുന്നതുമായ സ്ഥിതി, ഇതെല്ലാം അതില്‍ ഉള്‍പ്പെടുമോ, ഇതൊക്കെ ഉള്‍പ്പെട്ടാലും ഭരണസിരാകേന്ദ്രമായ ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിന് ഇത് ബാധകമല്ല എന്ന സ്ഥിതി വന്നാല്‍ പിന്നെ എന്താണ് ഈ നിയമം കൊണ്ട് ഗുണമുണ്ടാകുന്നത്?
സ്പീക്കര്‍ :  ബാധകമല്ല എന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞില്ല.
മുഖ്യമന്ത്രി :  സര്‍, സെക്രട്ടേറിയറ്റിന് ബാധകമല്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. സെക്രട്ടേറിയറ്റിലെ ഹോം അറ്റസ്റേഷന്‍, ജി.എ.ഡി. സൈനിക് വെല്‍ഫെയര്‍ എന്നീ രണ്ട് സെക്ഷനുകളില്‍ ഇത് നടപ്പിലാക്കിയിട്ടുണ്ട്. മറ്റ് ഏതൊക്കെ സെക്ഷനുകളില്‍ കൂടി ഏത് വിധത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നുള്ളത് പരിശോധിച്ചുവരികയാണ്.
പി.സി. ജോര്‍ജിന്റെ ചോദ്യത്തിനുത്തരമായി 500 രൂപ പിഴ എന്ന് പറഞ്ഞത് തെറ്റാണ്. 250 രൂപയാണ് ഒരു ദിവസത്തെ പിഴ, അങ്ങനെ 5000 രൂപ വരെ പിഴയീടാക്കുന്നതാണ്.
ജോലി സമയത്ത് ഓഫീസില്‍ ഉണ്ടാകുക, ഡ്യൂട്ടി അറ്റന്റ് ചെയ്യുക എന്നുള്ളത് ഡിസിപ്ളിന്റെ പരിധിക്കുള്ളില്‍ വരുന്ന കാര്യങ്ങളാണ്. അത് വന്നേ പറ്റൂ. അത് ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. അതിന് മറ്റ് മാര്‍ഗ്ഗങ്ങള്‍ നോക്കണം.
കെ.എന്‍.എ. ഖാദര്‍ :  സര്‍, സേവനാവകാശ നിയമം നടപ്പിലാക്കുമ്പോള്‍, ഒരു ഫയലിന്റെ ഉദ്ഭവം, അതിന്റെ സഞ്ചാരപഥം, അവസാനം തീര്‍പ്പാക്കുന്ന രീതി തുടങ്ങിയ ഒരുപാട് നൂലാമാലകളും ചുവപ്പുനാടകളും ഇപ്പോഴും നിലനില്‍ക്കുകയാണ്. സേവനാവകാശ നിയമത്തിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് തക്കസമയത്ത് ലഭ്യമാക്കണമെങ്കില്‍ സര്‍ക്കാരിന്റെ പ്രൊസീജ്വറല്‍ കാര്യങ്ങളിലും ഒരു റിഫോം ആവശ്യമായിട്ടുണ്ട്. അതിനുള്ള നടപടികള്‍ കൂടി ആലോചിക്കുന്നുണ്ടോ? കര്‍ശനമായി നടപ്പിലാക്കുമെന്ന് പറഞ്ഞാല്‍ കര്‍ശനമെന്ന പദത്തിന് സര്‍ക്കാരിന്റെ ഒരു രീതിയുണ്ട്. യഥാര്‍ത്ഥ നിഘണ്ടുവിലെ കര്‍ശനം സര്‍ക്കാരിന് ചെയ്യാന്‍ കഴിയില്ല. അതിന് ഒര സര്‍ക്കാര്‍ മുറയുണ്ട്. അതുകൊണ്ട് പ്രൊസീജ്വറല്‍ ആയിട്ടുള്ള കാര്യങ്ങളില്‍ അടിയന്തരമായ ചില റിഫോംസ് കൂടി ഏര്‍പ്പെടുത്തികൊണ്ട് മാത്രമല്ലേ സേവനം കൃത്യസമയത്ത് നല്‍കാന്‍ സാധിക്കുകയുള്ളൂ. അതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?
മുഖ്യമന്ത്രി :  സര്‍, ബഹുമാനപ്പെട്ട മെമ്പര്‍ പറഞ്ഞതിനകത്ത് അടിസ്ഥാനപരമായ ഒരു കാര്യമുണ്ട്. സാങ്കേതികമായ കാരണങ്ങള്‍കൊണ്ട് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ബുദ്ധിമുട്ടുള്ള പല മേഖലകളുണ്ട്. അവിടെ ആ കുരുക്കുകള്‍ നമ്മള്‍ അഴിച്ചുകൊടുക്കണം. അല്ലാതെ ഉദ്യോഗസ്ഥനു ചെയ്യാന്‍ കഴിയില്ല. പ്രത്യേകിച്ച് ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ്, ഡെത്ത് സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കുന്ന കാര്യത്തില്‍ വളരെയേറെ സാങ്കേതിക പ്രശ്നങ്ങളുണ്ട്. അങ്ങനെയുള്ള കാര്യങ്ങള്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുന്നതിന് അനുസരിച്ച് അതിന് മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. ഒരുവിധത്തിലും ഉദ്യോഗസ്ഥന് ചെയ്യാന്‍ കഴിയാത്ത തരത്തിലുള്ള വ്യവസ്ഥകളുള്ള സാഹചര്യത്തില്‍ സേവനം യഥാസമയം കൊടുക്കാന്‍ ബുദ്ധിമുട്ട് വരും. അങ്ങനെയുള്ള കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തും.
മുല്ലക്കര രത്നാകരന്‍ :  സര്‍, സേവനാവകാശ നിയമം വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നടപ്പാക്കുമെന്ന് പറഞ്ഞത് നല്ല കാര്യമാണ്. പൈലറ്റായി ഏതെങ്കിലും ഒരു വകുപ്പ് എടുത്ത്, അതിന്റെ കുറവുകള്‍ പരിശോധിച്ച,് പരിഹരിച്ച് എങ്ങനെയാണ് നടപ്പാക്കുന്നതെന്ന് കൃത്യമായും ശാസ്ത്രീയമായും കണ്ടെത്താതെ സര്‍വ വകുപ്പിലും ഒരുമിച്ച് നടപ്പിലാക്കുന്നു എന്നു പറയുമ്പോള്‍ നടപ്പിലാക്കി എന്ന് പറയുന്ന വകുപ്പില്‍പോലും ജനങ്ങള്‍ക്ക് അത് ഫീല്‍ ചെയ്യുന്നില്ല. റവന്യൂ വകുപ്പില്‍ നിന്നും ഇന്നയിന്ന സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കിട്ടുമെന്ന് റവന്യൂ വകുപ്പിന്റെ എല്ലാ ഓഫീസുകളിലും പ്രദര്‍ശിപ്പിക്കുകയും അതിന് അനുസരിച്ച് വകുപ്പിനെ മെച്ചപ്പെടുത്തുകയും ആധുനികവല്‍ക്കരിക്കുകയും ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം കൊടുക്കുകയും ചെയ്യണം. ആവശ്യമായ പരിശീലനം കൊടുത്തില്ലെങ്കില്‍ സേവനവകാശ നിയമം നടപ്പിലാക്കാന്‍ സാധിക്കില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സേവനം കൊടുക്കുന്ന വകുപ്പ് എന്നുള്ള നിലയിലാണ് ഞാന്‍ റവന്യൂ വകുപ്പിനെ നിര്‍ദ്ദേശിച്ചത്. അങ്ങനെ നടപ്പാക്കാത്തതുകൊണ്ട് ഇപ്പോള്‍ നടപ്പിലാക്കിയ വകുപ്പുകളില്‍പോലും അത് ഫീല്‍ ചെയ്തിട്ടില്ല. അതുകൊണ്ട് എന്റെ നിര്‍ദ്ദേശം, പൈലറ്റായി ഒരു വകുപ്പെടുത്ത് അവിടെ സ്കില്‍ഡ് ആയിട്ടുള്ള പരിശീലനം കൊടുത്ത് ആവശ്യമായ ആധുനികവല്‍ക്കരണം നടത്തി കുറവുള്ള തസ്തികകള്‍ നികത്തി, അവിടെ ഇന്നയിന്ന സേവനങ്ങളാണ് ലഭിക്കുന്നതെന്ന് പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്തി, അത് നടപ്പാക്കുകയും അതിലെ കുറവുകള്‍ ശാസ്ത്രീയമായി കണ്ട് പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യണം. അങ്ങനെയല്ലെങ്കില്‍ ഇത് പൊതുജനങ്ങള്‍ക്ക് ഫീല്‍ ചെയ്യുകയില്ല.
മുഖ്യമന്ത്രി :  സര്‍, ഒരു ഡിപ്പാര്‍ട്ടുമെന്റായിട്ടല്ല, 29 ഡിപ്പാര്‍ട്ടുമെന്റുകള്‍ ഐഡന്റിഫൈ ചെയ്തു. ജീവനക്കാരുടെ പ്രതിനിധികളുമായി സംസാരിച്ചതിനുശേഷമാണ് ഇങ്ങനെ ചെയ്തത്. അവര്‍ക്ക് അസാധ്യമായ ഒരു കാര്യം അടിച്ചേല്‍പ്പിച്ചിട്ട് കാര്യമില്ല. അവരുടെ അഭിപ്രായം കൂടി അറിഞ്ഞ് അവരുടെ സഹകരണത്തോടുകൂടി എല്ലാ വ്യവസ്ഥകളും പാലിച്ച് ........... ഒരു സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതിന് എത്ര ദിവസം വേണം, അത് കൂടുതല്‍ സമയമാണ്, അല്‍പം കൂടി സമയം കുറയ്ക്കണമെന്ന് പറഞ്ഞുകാണുമായിരിക്കാം. അങ്ങനെ അവരുടെ സമ്മതത്തോടുകൂടിയാണ് ഈ സമയങ്ങള്‍ വച്ചിരിക്കുന്നത്. ഇത് ഫീല്‍ ചെയ്യുമെന്ന് പറഞ്ഞാല്‍ ഇത് നടപ്പാക്കി തുടങ്ങുന്നതേയുള്ളൂ. റവന്യൂ ഡിപ്പാര്‍ട്ടുമെന്റ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് നോട്ടിഫൈ ചെയ്തു. പൊലീസ് ഡിപ്പാര്‍ട്ടുമെന്റ് കഴിഞ്ഞ ആഴ്ചയിലാണ് നോട്ടിഫൈ ചെയ്തത്. മെയ് ഒന്നിനു മുമ്പ് 29 ഡിപ്പാര്‍ട്ടുമെന്റിലും ഈ നിയമം വരുത്താനാണ് ശ്രമിക്കുന്നത്. 17 ഡിപ്പാര്‍ട്ടുമെന്റും നോട്ടിഫൈ ചെയ്തു കഴിഞ്ഞു.
കെ. ശിവദാസന്‍ നായര്‍ : ഒരു നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അത് പരാജയപ്പെടുത്തുന്നതിനുള്ള ശ്രമവും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഒരു പരാതി കിട്ടിയാല്‍ പത്തോ പതിനഞ്ചോ ദിവസങ്ങള്‍ക്കകം സേവനം കൊടുക്കണമെന്നാണ് പറയുന്നത്. ഒരു അപേക്ഷ കൊടുത്തുകഴിഞ്ഞാല്‍ ആ അപേക്ഷ സ്വീകരിച്ചു എന്നുള്ളതിന് റെസീപ്റ്റ് നമ്മുടെ കൈവശമുണ്ടെങ്കില്‍ ആ സേവനം നമുക്ക് ഇംപ്ളിമെന്റ് ചെയ്യാന്‍ കഴിയും. അല്ലെങ്കില്‍ അത് കൃത്യസമയത്തുതന്നെ വേണം. പലപ്പോഴും ഈ പരാതി കൃത്യമായിട്ട് സ്വീകരിക്കുകയോ അതിന് റെസീപ്റ്റ് കൊടുക്കുകയോ ചെയ്യാറില്ല. പൊലീസ് സ്റേഷനിലെ ഒരു സേവനം കിട്ടുന്നതിനുവേണ്ടി റെസീപ്റ്റ് ചോദിച്ചുകഴിഞ്ഞാല്‍ രണ്ടാമത് ഒന്നുകൂടി ചോദിക്കുവാനുള്ള ധൈര്യം ആളുകള്‍ക്ക് കാണുകയില്ല. അതുകൊണ്ട് നമ്മുടെ പരാതികള്‍ കൃത്യമായി രേഖപ്പെടുത്തുന്നു, അല്ലെങ്കില്‍ വരവ് വയ്ക്കുന്നതിനുള്ള ഒരു സംവിധാനം ഉറപ്പ് വരുത്തിയെങ്കില്‍ മാത്രമേ സാധ്യമാകുകയുള്ളൂ. ഇതിന് ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സ്വീകരിക്കുന്ന ഒരു സംവിധാനം സാര്‍വ്വത്രികമാക്കാന്‍ ശ്രമിക്കുമോ?
മുഖ്യമന്ത്രി :  സര്‍, ഈ സേവനങ്ങള്‍ നല്‍കുന്നത് ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഒന്നല്ല. അവരുടെ സഹകരണത്തോടുകൂടി നടപ്പിലാക്കുന്ന കാര്യത്തില്‍ എല്ലാ ഭാഗത്തുനിന്നുമുള്ള സഹകരണം ലഭിക്കുന്നുണ്ട്. ഈ അപേക്ഷ കൊടുക്കുന്നതിനുള്ള രേഖ ഉണ്ടായിരിക്കും. അത് സമയബന്ധിതമായി കിട്ടുന്നു എന്നുള്ളത് ഉറപ്പു വരുത്താനും ഓണ്‍ലൈന്‍ സര്‍വ്വീസ് ജനങ്ങള്‍ക്ക് ഏറ്റവും വേഗത്തില്‍ പ്രാപ്യമാകണമെന്നുതന്നെയാണ് ഗവണ്‍മെന്റ് ആഗ്രഹിക്കുന്നത്. ഇപ്പോള്‍ 4 ജില്ലകളില്‍ ഇ-ഗവേണന്‍സ് നടപ്പിലാക്കി കഴിഞ്ഞു. ബാക്കി ജില്ലകളിലും ഏതാനും നാളുകള്‍ക്കുള്ളില്‍ നടപ്പിലാക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. ഇ-ഗവേണന്‍സ് വരുമ്പോള്‍ ഓണ്‍ലൈന്‍ സര്‍വ്വീസും കിട്ടുന്നതാണ്.
കെ. കുഞ്ഞിരാമന്‍ (ഉദുമ) :  സര്‍, സേവന അവകാശ നിയമം നമ്മുടെ നാട്ടിലെ സാധാരണക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ ഉപകരിക്കുന്ന ഒന്നുതന്നെയാണ്. അത് യഥാസമയം അവര്‍ക്ക് പരിഹാരവും മറുപടിയും കിട്ടിയില്ലെങ്കില്‍ അവരില്‍ നിന്ന് പിഴ ഈടാക്കാമെന്നാണ് ബഹുമാന്യനായ മുഖ്യമന്ത്രി പറഞ്ഞ നിയമത്തില്‍ പറയുന്നത്. പക്ഷേ, പിഴ ഈടാക്കാന്‍ വേണ്ടി നിയമ നടപടിയുമായി മുന്നോട്ടു പോകേണ്ടത് സെക്രട്ടേറിയറ്റിലാണ്. സെക്രട്ടേറിയറ്റിലെ ഇന്നത്തെ ജീവനക്കാരുടെ സ്ഥിതി, എല്ലാ സീറ്റും ഒഴിഞ്ഞുകിടക്കുകയാണ്. ആരോടാണ് ഈ പരാതി പറയേണ്ടത്? ഈ നിയമം ആദ്യം നടപ്പാക്കേണ്ടത് സെക്രട്ടേറിയറ്റിനകത്താണ്. അതിനുഷേഷം താഴോട്ട് പോയാല്‍ മാത്രമേ സമൂഹത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ. എല്ലാ വിഭാഗത്തില്‍പ്പെട്ട ജീവനക്കാരുടെയും കാര്യങ്ങള്‍ പറയുന്നതോടൊപ്പംതന്നെ സെക്രട്ടേറിയറ്റിനുള്ളിലെ അനാസ്ഥ പരിഹരിക്കാന്‍വേണ്ടി ജീവനക്കാരെ പണിയെടുപ്പിക്കുന്നതിനുമുള്ള നടപടി സ്വീകരിച്ചാല്‍ മാത്രമേ ഈ നിയമം നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ.
മുഖ്യമന്ത്രി :  സര്‍, ജനങ്ങള്‍ക്ക് നേരിട്ട് സേവനം കിട്ടേണ്ട മേഖലകള്‍ സെക്രട്ടേറിയറ്റില്‍ കുറവാണ്. അത് ഫയല്‍ മൂവ്മെന്റും ഡിസിഷന്‍ മേക്കിംഗുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ജനങ്ങള്‍ക്ക് ആവശ്യമുള്ള സേവനം നേരിട്ട് ലഭിക്കേണ്ടത് വളരെ കുറച്ച് സ്ഥലങ്ങളിലാണ്. അത് ലഭിക്കേണ്ട രണ്ട് സ്ഥലങ്ങളാണ് ഇപ്പോള്‍ നോട്ടിഫൈ ചെയ്ത കാര്യം ഇവിടെ പറഞ്ഞത്. ബാക്കി ജനങ്ങള്‍ക്ക് നേരിട്ട് സേവനം കിട്ടേണ്ട ഏതെങ്കിലും കൂടിയുണ്ടെങ്കില്‍ അതുംകൂടി നിശ്ചയമായും വരും. സെക്രട്ടേറിയറ്റിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പക്കണമെന്ന് പറയുന്നതിനോട് ഞാന്‍ പൂര്‍ണ്ണമായി യോജിക്കുന്നു. അതിന് നമുക്ക് മറ്റു രീതിയിലുള്ള നടപടികളും സമീപനങ്ങളുമാണ് ആവശ്യം. അത് നിശ്ചയമായിട്ടും നോക്കും.
പി.സി. വിഷ്ണുനാഥ് :  സര്‍, യു.പി.എ. സര്‍ക്കാര്‍ വിവരാവകാശ നിയമം രാജ്യത്ത് പാസ്സാക്കിയപ്പോള്‍ ഇത്തരം ഒരുപാട് ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാലും, ഏറ്റവും ഫലപ്രദമായ അഴിമതി തടുന്നതിനുള്ള ഒരുപകരണമായി വിവരാവകാശ നിയമം മാറിക്കഴിഞ്ഞു.  യു.ഡി.എഫ്. സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് സേവനാവകാശനിയമം ഇത്രയും വേഗതയില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കാന്‍ സാധിച്ചത്. ജനങ്ങള്‍ക്ക് ഈ നിയമത്തെക്കുറിച്ചും ഇതുവഴി ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും കൃത്യമായ അറിവും അവബോധവും ഇല്ലെങ്കില്‍ ഇതുകൊണ്ട് നമ്മള്‍ ഉദ്ദേശിക്കുന്ന ഫലം ലഭിക്കാന്‍ പോകുന്നില്ല. അതുകൊണ്ട് ദൃശ്യ-പത്ര മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും ഇതിനെ സംബന്ധിച്ചുള്ള ഒരു ബോധവത്ക്കരണം നടത്താന്‍ എന്തെല്ലാം പരിപാടികളാണ് ഉദ്ദേശിക്കുന്നത്?
മുഖ്യമന്ത്രി :  സര്‍, ജനങ്ങള്‍ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായാല്‍ മാത്രമേ ഇതിന്റെ പ്രയോജനം കിട്ടുകയുള്ളൂ. അതിന് പരമാവധി പബ്ളിസിറ്റി കൊടുക്കാന്‍ ശ്രമിക്കും. ഓഫീസുകളില്‍ ഈ സേവനങ്ങള്‍ കിട്ടുന്നതിനെക്കുറിച്ചുള്ള ഡീറ്റെയില്‍സ് പ്രസിദ്ധീകരിക്കും ഇത് സംബന്ധിച്ചിട്ടുള്ള പുസ്തകങ്ങള്‍ തയ്യാറാക്കി ഓരോ ഡിപ്പാര്‍ട്ടുമെന്റിന്റെയും സേവനങ്ങള്‍ കിട്ടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, അവയുടെ സമയപരിധി ഉള്‍പ്പെടെയുള്ളവ പ്രസിദ്ധീകരിക്കാന്‍ തയ്യാറാണ്. പത്രമാധ്യമങ്ങളില്‍ കൂടി ഇതിന്റെ പ്രസിദ്ധീകരണം കൊടുക്കാം. ഇതിനൊക്കെ പുറമെ ഇപ്പോള്‍ പലസാമൂഹ്യസംഘടനകളും ഈ നിയമത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിനുവേണ്ടിയിട്ടുള്ള ചര്‍ച്ചകളും അതിനെക്കുറിച്ചുള്ള സെമിനാറുകളും നടത്തുന്നുണ്ട്. തീര്‍ച്ചയായും അത് പ്രോത്സാഹിപ്പിക്കേണ്ടതാണ്. അപ്പോള്‍ ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് സ്വയം ബോധമുണ്ടാകാന്‍ സഹായിക്കും.
കെ.കെ. ജയചന്ദ്രന്‍ :  സര്‍, ഈ സേവനാവകാശ നിയമം നടപ്പിലാക്കുമ്പോള്‍ ഏറ്റവും പ്രധാനമായി വരുന്നത് ഈ ഫയലുകള്‍ സഞ്ചരിക്കുന്നതിനുള്ള പ്രശ്നം തന്നെയാണ്. എന്റെ അനുഭവത്തില്‍, ഗാന്ധിജി സെന്‍ട്രല്‍ സ്കൂള്‍ എന്നു പറയുന്ന ഗവണ്‍മെന്റ് സ്കൂളിലെ അദ്ധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്നതിന് ഒരു ബില്‍ബുക്കിന്റെ നമ്പര്‍ വേണം. അതിന്റെ ഫയല്‍ ആദ്യം മുങ്ങി. ഞാന്‍ ഏഴ് സെക്ഷനില്‍ ഒരു ദിവസം മുഴുവന്‍ ബുദ്ധിമുട്ടി നമ്പര്‍ കണ്ടുപിടിച്ചു. ആ ഫയല്‍ രണ്ടുവര്‍ഷമായി പൊതു വിദ്യാഭ്യാസ വകുപ്പില്‍നിന്ന് ധനവകുപ്പിലോട്ടും അവിടെ നിന്ന് തിരിച്ചും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ അതിന് പരിഹാരമുണ്ടായിട്ടില്ല. ഈ അവസ്ഥ മാറാന്‍ ഈ നിയമംകൊണ്ട് കഴിയുമോ? ഇതെങ്ങനെ പരിഹരിക്കപ്പെടാന്‍ കഴിയും?
മുഖ്യമന്ത്രി :  സര്‍, ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ഇതൊരു പുതിയ നിയമമാണ്. ഇതിന്റെ ഇംപ്ളിമെന്റേഷന്‍ പരിശോധിച്ച് അതിനകത്തെ പോരായ്മകള്‍ക്ക് ഭേദഗതി വരുത്താം. ഒരു തുറന്ന മനസ്സാണ് ഗവണ്‍മെന്റിനുള്ളതെന്ന് ഞാന്‍ നേരത്തെ വ്യക്തമാക്കി. ഒരു കാര്യത്തില്‍ എല്ലാവരും യോജിക്കുന്നു. ഗവണ്‍മെന്റില്‍ നിന്ന് കിട്ടേണ്ട സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഏറ്റവും വേഗത്തില്‍ കാര്യക്ഷമതയോടെ ലഭിക്കുകയാണ്. അതിന് എവിടെ കുറവുകളും വീഴ്ചകളുമുണ്ടെന്ന് കണ്ടെത്തി നമുക്ക് തിരുത്താവുന്നതാണ്.
പി. ഉബൈദുള്ള :  സര്‍, നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്ക്കരിച്ചുകൊണ്ടിരിക്കുകയാണ്. ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ്, ഡെത്ത് സര്‍ട്ടിഫിക്കറ്റ് എന്നിവ ഇപ്പോള്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ സാധ്യമായി കഴിഞ്ഞു. ഇ-ഗവേണന്‍സ് പദ്ധതി പൂര്‍ണ്ണമായും നടപ്പാക്കുന്നതോടുകൂടി ഇപ്പോള്‍ ഓരോ സേവനത്തിനും നിശ്ചയിച്ചിട്ടുള്ള സമയപരിധി കുറച്ചുകൊണ്ടുവരുവാന്‍ സാധിക്കും. സേവനവകാശ നിയമത്തില്‍ നാച്ച്വറലായ മാറ്റം വരുത്താനുള്ള നടപടി സ്വീകരിക്കുമോ?
മുഖ്യമന്ത്രി :  സര്‍, അതും നടപ്പിലാക്കുന്ന സമയത്ത് നിശ്ചയമായും പരിഗണിക്കേണ്ട ഒരു കാര്യമാണ്. നമ്മുടെ ആധുനിക സൌകര്യങ്ങള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ നേരത്തെ എടുത്തിട്ടുള്ള സയമം ആവശ്യമില്ലെങ്കില്‍ അത് തീര്‍ച്ചയായും കുറയ്ക്കുകതന്നെ വേണം. അത് ആ സമയത്ത് നിശ്ചയമായും ആലോചിക്കാം.
വി. ശിവന്‍കുട്ടി :  സര്‍, സേവന നിയമത്തെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. നിയമം വരുന്നതിനു മുമ്പുതന്നെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി പാളയത്ത് ഫ്രണ്ട്സ് എന്ന സ്ഥാപനം വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ സേവനം ലഭിക്കുന്നതിനു വേണ്ടി ആരംഭിച്ചിട്ടുള്ളതാണ്. ഇന്നിപ്പോള്‍ ആ സ്ഥാപനത്തിന് ഒരു സേവനവും കിട്ടാത്ത സ്ഥിതിയാണുള്ളത്. അതില്‍ താങ്കളൊന്ന് ഇടപെട്ട് അതിന്റെ ക്രമീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുമോ?
മുഖ്യമന്ത്രി :  സര്‍, അതൊരു നല്ല സംവിധാനമായാണ് തുടങ്ങിയത്. അതിന്റെ കാര്യക്ഷമത ഇന്ന് നമ്മള്‍ പ്രതീക്ഷിച്ച രീതിയില്‍ ഇല്ലെങ്കില്‍ പ്രത്യേകം പരിശോധിക്കുന്നതാണ്.
എം. ഹംസ :  സര്‍, സേവനാവകാശ നിയമത്തിന്റെ പരിധിയില്‍ വ്യക്തികള്‍ക്ക് കിട്ടേണ്ട അവകാശങ്ങളെ സംബന്ധിച്ചെല്ലാം ഉറപ്പ് വരുത്തുന്നുണ്ട്. എന്നാല്‍ പൊതുസമൂഹത്തിന്   മൊത്തമായി വേണ്ട ചില കാര്യങ്ങളെക്കുറിച്ച് അതായത്, പാലം നിര്‍മാണം, റോഡ് നിര്‍മ്മാണം തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളില്‍ സമയബന്ധിതമായി ഒരു ഇംപ്ളിമെന്റിംഗ് ഓഫീസറെ നിയമിക്കുകയും ആ ഇംപ്ളിമെന്റിംഗ് ഓഫീസര്‍ സമയബന്ധിതമായി ചെയ്തില്ലെങ്കില്‍ നമ്മുടെ നാടിന് മൊത്തം വരുന്ന പ്രശ്നങ്ങളെ ഈ സേവനാവകാശ നിയമത്തില്‍ ഉള്‍പ്പെടുത്തി പരിഹാരം കാണാനാവശ്യമായിട്ടുള്ള ഇടപെടല്‍ നടത്തുമോ, അതിനാവശ്യമായ ഭേദഗതി സേവനാവകാശ നിയമത്തില്‍ വരുത്തുമോ?
മുഖ്യമന്ത്രി :  സര്‍, അതിന് പ്രായോഗികമായ ചില പ്രശ്നങ്ങളുണ്ട്. നാട്ടിലെ ഏറ്റവും വലിയ പ്രശ്നം കുടിവെള്ള പ്രശ്നമാണ്. അത് സംബന്ധിച്ച് ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനെ നമുക്ക് കുറ്റപ്പെടുത്താന്‍ സാധിക്കില്ല. അതിന് നയപരമായ തീരുമാനം വേണം; ഗവണ്‍മെന്റിന്റെ അനുമതി വേണം; നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണം. ഇങ്ങനെയുള്ള പല പ്രശ്നങ്ങളും വരികയാണ്. അതുകൊണ്ട് അതുപോലുള്ള കാര്യങ്ങളില്‍ വ്യത്യസ്തമായ ഒരു സമീപനമാണ് നമുക്കാവശ്യം. സേവനാവകാശ നിയമത്തിന്റെ പരിധിയിലോ അതുപോലൊരു നിയമത്തിന്റെ പരിധിയിലോ അത് കൊണ്ടുവരാന്‍ സാധിക്കില്ല.
എം.വി. ശ്രേയാംസ് കുമാര്‍ :  സര്‍, ജനങ്ങള്‍ ഏറ്റവു കൂടുതല്‍ ആശ്രയിക്കുന്നത് റവന്യൂ വകുപ്പിനെയാണ്. കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളില്‍ റവന്യൂ വകുപ്പിലെ ലാന്റ് റിക്കോര്‍ഡ്സ്, ജനന-മരണ സര്‍ട്ടിഫിക്കറ്റുള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും കമ്പ്യൂട്ടറൈസ് ചെയ്തു കഴിഞ്ഞു. അത്തരമൊരു സംവിധാനം കേരളത്തില്‍ നടപ്പാക്കാത്തിടത്തോളം കാലം സേവനാവകാശ നിയമം പ്രയോഗികമായി നടപ്പിലാക്കാന്‍ സാധിക്കില്ല. ആ രീതിയിലുള്ള സെന്‍ട്രലൈസ്ഡ് കമ്പ്യൂട്ടറൈസേഷന്‍ സംവിധാനം കൊണ്ടുവരുന്നതിനുവേണ്ടി എന്ത് നടപടിയാണ് സ്വീകരിക്കുന്നത്?
മുഖ്യമന്ത്രി :  സര്‍, റവന്യൂ വകുപ്പ് ഉള്‍പ്പെടെയുള്ള എല്ലാ വകുപ്പുകളും കമ്പ്യൂട്ടര്‍വത്ക്കരിക്കാനും ഓണ്‍ലൈന്‍വഴി സേവനങ്ങള്‍ ലഭ്യമാക്കാനുമുള്ള നടപടികള്‍ വളരെ വേഗത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സമയബന്ധിതമായിട്ടുതന്നെ അത് നടപ്പിലാക്കും. അത് വരുന്നതിനു മുന്‍പുതന്നെ ഇപ്പോള്‍ റവന്യൂ വകുപ്പ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സേവനങ്ങള്‍ നിശ്ചിത സമയത്ത് നല്‍കത്തക്ക വിധത്തിലുള്ള തീരുമാനങ്ങളെടുക്കുകയും നോട്ടിഫൈ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ സംവിധാനം വരുന്നതിനുമുമ്പുതന്നെ അത് പ്രായോഗികതലത്തില്‍ നടപ്പിലാക്കും.
സ്പീക്കര്‍ :  വളരെ പ്രധാനപ്പെട്ട ചോദ്യങ്ങളുണ്ടായിരുന്നിട്ടും അരമണിക്കൂര്‍ ഈ ചോദ്യത്തിന് നല്‍കിയത് പ്രധാനപ്പെട്ട ഈ നിയമം ചര്‍ച്ച കൂടാതെ രണ്ട് മിനിട്ടുകൊണ്ട് പാസ്സായിപ്പോയ നിയമമായതുകൊണ്ടാണ്. ഏതായാലും ഈ ചോദ്യത്തിന് അരമണിക്കൂര്‍ സമയമെടുത്തു. എല്ലാ ചോദ്യങ്ങള്‍ക്കും ഇത് ബാധകമാകണമെന്നില്ല. സഹകരിച്ചവര്‍ക്ക് നന്ദി.