Showing posts with label സൂര്യനെല്ലി കേസ്. Show all posts
Showing posts with label സൂര്യനെല്ലി കേസ്. Show all posts

Wednesday, 13 February 2013

സൂര്യനെല്ലി കേസില്‍ തുടരന്വേഷണം



മുഖ്യമന്ത്രി : സര്‍, ഒരു ഭാവവ്യത്യാസവുമില്ല. ഈ ഗവണ്‍മെന്റിന്റെ നയം, ഇന്ന് ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രശ്നമാണ്. സ്ത്രീകള്‍ക്കെതിരായിട്ടുള്ള അതിക്രമം. ആ കാര്യത്തില്‍ കുറ്റം ചെയ്തവര്‍ ശിക്ഷയ്ക്ക് വിധേയരാകണം; നിയമത്തിന് വിധേയമാകണം യാതൊരു .... (ബഹളം).... അവര്‍ നിയമത്തിന്റെ മുമ്പില്‍ വരണം. ഒരു അഭിപ്രായവ്യത്യാസവുമില്ല. അതുപോലെ കുറ്റം ചെയ്യാത്ത ഒരാളെ മറ്റു രീതിയില്‍ ക്രൂശിക്കുന്നത് ഒരിക്കലും ശരിയല്ല. ശ്രീ.പി.ജെ. കുര്യന്റെ കാര്യത്തില്‍ മാത്രമല്ല മറ്റു കേസുകളിലും ആള്‍ കുറ്റം ചെയ്തോ ഇല്ലയോ എന്നാണ് ഗവണ്‍മെന്റ് നോക്കേണ്ടത്. മറിച്ച,് ജനങ്ങള്‍ പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ഇരകള്‍ പറയുന്നത് മൊഴിയായി എടുത്ത് കേസ്സെടുക്കണം എന്ന് ഇവിടെ അങ്ങ് പറഞ്ഞത് ശരിയാണ്. എന്റെ കയ്യില്‍ ആ കുട്ടിയുടെ രണ്ടു മൊഴികളുമുണ്ട്. 1996-ല്‍ ശ്രീ.എ.കെ. ആന്റണിക്ക് കൊടുത്ത പരാതിയും എനിക്ക് ഈ ശനിയാഴ്ച തന്ന പരാതിയും. രണ്ടിലും ഒരുപോലെയുള്ള കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്. അക്കാര്യം 1996-ല്‍ ശ്രീ.എ.കെ. ആന്റണിയുടെ കാലത്ത് രാജീവന്‍ ഐ.ജി. പരിശോധിച്ച് അതിനകത്ത് ശ്രീ.പി.ജെ. കുര്യന്‍ പ്രതിയല്ലെന്ന് പറഞ്ഞു. പിന്നീട് വന്ന ഇ.കെ. നായനാര്‍ ഗവണ്‍മെന്റ് അത് വിശ്വസിച്ചില്ല. കേസന്വേഷണത്തിനുവേണ്ടി പ്രത്യേകമായി ഒരു ടീമിനെ നിയോഗിച്ചു. ശ്രീ. സിബി മാത്യു വിശദമായ അന്വേഷണം നടത്തി. അതിലും ഇദ്ദേഹം കുറ്റക്കാരനായി കണ്ടില്ല. ഇതില്‍ തൃപ്തിയാകാതെ കോടതിയില്‍ പോയി. കോടതി വിശദമായി പരിശോധിച്ചു. ഹൈക്കോടതി ശ്രീ.പി.ജെ കുര്യന്റെ ഡിസ്ചാര്‍ജ്ജ് പെറ്റീഷന്‍ അംഗീകരിച്ചു. സുപ്രീംകോടതിയും അത് അംഗീകരിച്ചു. അതിനെതിരെ സി.ബി.ഐ. അന്വേഷണം വേണണമെന്ന് പറഞ്ഞ് ഇവര്‍ ഹൈക്കോടതിയില്‍ പോയി. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അന്വേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്ത് കഴിഞ്ഞപ്പോള്‍ സി.ബി.ഐ. അന്വേഷണം വേണം എന്നുള്ള ആവശ്യം അവര്‍ പ്രസ്സ് ചെയ്തില്ല. എന്തുകൊണ്ട് അന്ന് സി.ബി.ഐ. അന്വേഷണത്തിന് വേണ്ടി കൊടുത്ത പെറ്റീഷന്‍ പ്രസ്സ് ചെയ്തില്ല? അതുകഴിഞ്ഞ് അങ്ങ് ഇവിടെ മുഖ്യമന്ത്രിയായി, എന്താണ് ഈ അഞ്ചുകൊല്ലക്കാലം അങ്ങ് ചെയ്തത്? അങ്ങ് തെറ്റ് ചെയ്തു എന്ന് പറയുന്നില്ല. പക്ഷേ ഏത് ഗവണ്‍മെന്റിനും നിയമാനുസൃതം മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. നിയമാനുസൃതം ഇടപെടാന്‍ അങ്ങേയ്ക്ക് സാധിക്കില്ല എന്ന് അഡ്വൈസ് കിട്ടിയതുകൊണ്ട് അങ്ങ് ഇടപെട്ടില്ല. ഇന്നും അന്നും അതുതന്നെയാണ് സ്ഥിതി. ഈ കേസില്‍ മാത്രമല്ല, കിളിരൂര്‍, കവിയൂര്‍ കേസുകള്‍ വന്നു; ഗവണ്‍മെന്റ് സ്വീകരിച്ച സമീപനമെന്താണ്? കവിയൂര്‍ കേസില്‍ ജനങ്ങള്‍ പറയുന്നവരെ പ്രതിയാക്കാന്‍ ഈ ഗവണ്‍മെന്റ് തയ്യാറായില്ല. ഇതൊന്നും ശരിയായ നടപടിയല്ല. ഇക്കാര്യത്തില്‍ ഒരു കാരണവശാലും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുവാന്‍ സാധ്യമല്ല എന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.